നല്ല ജോലിയും ശമ്പളവും! ഒരാൾക്ക് സെറ്റിൽ ചെയ്യാൻ അത് മതിയോ? ഒരിക്കലുമല്ല. നല്ല ജോലിയും ശമ്പളവും ഉണ്ടെങ്കിലും കടം വാങ്ങേണ്ട അവസ്ഥ വരുന്നു എങ്കിൽ നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാനിംഗ് മോശമാണ് എന്നാണ് വിലയിരുത്തേണ്ടത്. വ്യക്തിഗത സാമ്പത്തിക ആസൂത്രണം ലക്ഷ്യം വെയ്ക്കുന്നത് നിലവിലെയും ഭാവിയിലെയും, ചിലവുകളും ആവശ്യങ്ങളും നിറവേറ്റുന്നതിന്, ഒരു കുടുംബത്തിനോ വ്യക്തിക്കോ മതിയായ വരുമാനം ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. പലരും വ്യക്തിഗത സാമ്പത്തിക അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ പ്രാധാന്യം കൊടുക്കാറില്ല. ഇത് ഭാവിയിൽ സാമ്പത്തിക നിലയെ തന്നെ കാര്യമായി ബാധിച്ചേക്കാം. അതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ വ്യക്തിഗത സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വരവ് അറിഞ്ഞ് ചിലവാക്കുക എന്നതാണ് സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാന പാഠം. ജീവിതനിലവാരം നിലനിർത്താൻ ചിലവ് പ്രധാനമാണെങ്കിലും ചിലവ് അധികമാകരുത് എന്നർത്ഥം.
ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും പരിഗണിച്ചു മാത്രമേ നിക്ഷേപം നടത്താൻ പാടുള്ളൂ. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും ആവശ്യമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഹ്രസ്വകാല ലക്ഷ്യങ്ങൾ - അടുത്ത 3 മുതൽ 5 വർഷം വരെ ഉള്ള കാലയളവിൽ കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കണക്കാക്കി വേണം നിങ്ങളുടെ നിക്ഷേപത്തുക തീരുമാനിക്കാൻ. ആവശ്യം വരുമ്പോൾ എളുപ്പത്തിൽ പണം പിൻവലിക്കാൻ പറ്റുന്ന ഇടങ്ങളിൽ വേണം പണം നിക്ഷേപിക്കാൻ. ഇതുവഴി വീട് പുതുക്കിപ്പണിയുക, കടം വീട്ടുക, വിദേശത്ത് അവധി ആഘോഷിക്കുക തുടങ്ങിയ ഹ്രസ്വകാല ലക്ഷ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുകയും ചെയ്യാം.
ദീർഘകാല ലക്ഷ്യങ്ങൾ - ദീർഘകാല നിക്ഷേപം മികച്ച സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാണ്. റിട്ടയർമെൻ്റ് പ്ലാനിംഗ് , വീട് വാങ്ങൽ, കുട്ടികളുടെ വിദേശ പഠനം എന്നിവയ്ക്ക് ദീർഘകാല നിക്ഷേപം ആളുകളെ സഹായിക്കുന്നു.
നിലവിലുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യങ്ങളുടെ രൂപരേഖ തയ്യാറാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ദീർഘകാല ധനകാര്യ ലക്ഷ്യങ്ങൾ മുൻഗണനാരൂപത്തിൽ തയ്യാറാക്കുകയും ഈ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന വിധത്തിൽ വരുമാനം മൂന്നായി വിഭജിക്കുകയും ചെയ്യുക. സമ്പാദ്യം, ചിലവ്, നിക്ഷേപം എന്നിവ കണക്കാക്കിയതിന് ശേഷം വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് മൂന്നു കാര്യങ്ങളിലേക്കുമുള്ള വിഹിതം വിശകലനം ചെയ്തു വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക. സുരക്ഷിതവും സ്ഥിരവും ആയ നിക്ഷേപങ്ങൾ സാമ്പത്തിക ആസൂത്രണത്തിൽ നമ്മളെ സഹായിക്കുന്നു. ഒറ്റ തവണ നിക്ഷേപിക്കുക എന്നല്ല, നിക്ഷേപിച്ചു കൊണ്ടിരിക്കുക എന്നതാണ് പ്രധാനം. നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ഫിനാൻഷ്യൽ ഇൻസ്ട്രമെന്റ്സിൽ നിക്ഷേപിക്കുക. അത് സ്റ്റോക്കുകളായാലും മ്യൂച്വൽ ഫണ്ടുകളായാലും നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും, അതുവഴി നിങ്ങൾക്ക് ലഭിക്കാൻ സാധ്യത ഉള്ള റിട്ടേൺ എത്രയാണെന്നുമുള്ള ഒരു ധാരണ ഉണ്ടാക്കുക. ചിട്ടയായും ക്രമമായും നിക്ഷേപശേഖരം നിർമ്മിക്കുകയും അത് വികസിപ്പിക്കുകയും ചെയ്യുക. ദീർഘ കാലയളവു കണക്കിലെടുത്തു നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങളുടെ മൂലധനത്തിന് വളർച്ച നേടാൻ മതിയായ സമയം നൽകുകയും, ലക്ഷ്യങ്ങൾ കൂടുതൽ എളുപ്പത്തിൽ നേടാൻ സഹായിക്കുകയും ചെയ്യും.
സാധ്യമായ അപകടസാധ്യതകളുടെ ശരിയായ വിശകലനം, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തടസ്സപ്പെടുത്തുന്ന അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ ആസ്തികളെയും സംരക്ഷിക്കാൻ സഹായിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ, ലൈഫ് ഇൻഷുറൻസ്, ഹോം ഇൻഷുറൻസ് എന്നിവ ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനും നിങ്ങളെ സഹായിക്കുന്നു.
മെഡിക്കൽ ബില്ലുകൾ പോലെയുള്ള അപ്രതീക്ഷിത ചിലവുകളും, പെട്ടന്ന് ഉണ്ടാകുന്ന വാഹന, വീട് അറ്റ കുറ്റപണികൾ എന്നിവയ്ക്കായി ഒരു തുക പലരും മാറ്റി വെയ്ക്കാറുണ്ട്. ഇത് ബജറ്റ് പ്ലാനിങ്ങിന്റെ ലളിതമായ വ്യാഖ്യാനമാണ്. ദിവസവും നിങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാനായി ബജറ്റ് രൂപപ്പെടുത്തുക. നിങ്ങളുടെ അവശ്യ ചിലവുകൾ, അനിവാര്യമല്ലാത്ത ചിലവുകൾ, സമ്പാദ്യം എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ ബജറ്റ് പ്ലാൻ സഹായിക്കുന്നു. ആത്യന്തികമായി ഇത് നിങ്ങളുടെ ഹ്രസ്വവും ദീർഘകാലവുമായ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു. ഒരു ബജറ്റ് രൂപപ്പെടുത്തുന്നത് സാമ്പത്തിക ആസൂത്രണ പ്രക്രിയയുടെ നിർണായക ഘടകമാണെങ്കിലും, അതിൽ ഉറച്ചുനിൽക്കുന്നത് അതുപോലെതന്നെ പ്രധാനമാണ്. നികുതി ആസൂത്രണം, റിട്ടയർമെന്റ് പ്ലാനിംഗ് തുടങ്ങിയവയെല്ലാം സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാണ്.
നിങ്ങൾ സാമ്പത്തിക ആസൂത്രണത്തിൽ ഒരു തുടക്കക്കാരൻ ആണെങ്കിൽ, എന്ത് ചെയ്യണം എന്നാണ് ചോദ്യം എങ്കിൽ, ഉത്തരം ലളിതമാണ്. നിങ്ങളുടെ വരുമാനം എത്ര ഉണ്ടെന്ന് മനസ്സിലാക്കുക, നിങ്ങളുടെ ചിലവ് ട്രാക്ക് ചെയ്യുക, നിങ്ങൾക്ക് അനുയോജ്യമായ ബജറ്റ് രൂപപ്പെടുത്തുക, അതിനനുസരിച്ചുള്ള നിക്ഷേപങ്ങളും ക്രമീകരിക്കുക. ആവശ്യം എങ്കിൽ സാമ്പത്തിക വിദഗ്‌ധരുടെ ഉപദേശം തേടുക.
Disclaimer: The article is for information purpose only. The views expressed in this article are personal and do not necessarily constitute the views of The South Indian Bank Ltd. or its employees. The South Indian Bank Ltd and/or the author shall not be responsible for any direct/indirect loss or liability incurred by the reader for taking any financial/non-financial decisions based on the contents and information’s in the blog article. Please consult your financial advisor or the respective field expert before making any decisions.